KPA - സംസ്ഥാനതല മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം. @ കോഴിക്കോട്
By admin 25-05-2022
KPA - സംസ്ഥാനതല മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം. @ കോഴിക്കോട്
കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ദേശീയ കൗൺസിൽ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപ്പാലത്ത് നിർവഹിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവച്ചു കേരളാ പ്രവാസി അസോസിയേഷനിൽ പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച ഒട്ടനവധി പേർ ചടങ്ങിൽ KPA യുടെ അംഗത്വം സ്വീകരിച്ചു. നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് വാർഡുതലം മുതൽ KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാനുള്ള സുവർണ്ണാവസരമുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന KPA രാഷ്ട്രീയ പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരത്വമുള്ളവർക്കും അംഗമാവാം. നിലവിൽ വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതു പ്രവർത്തകർക്കും KPA യിൽ ചേർന്ന് പ്രവർത്തിക്കാം. പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളായും അവരുടെ പ്രധാന വരുമാന സ്രോതസായും ഇക്കാലമത്രയും നിലനിന്ന് പോന്ന അവഗണിക്കപ്പെട്ട ഇന്ത്യൻ പ്രവാസിസമൂഹം, സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപികരിച്ചു കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം നേടിക്കൊണ്ട് പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാൻ തീരുമാനിച്ചു. മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ ചെയ്യുന്നതുപോലെ അവരുടെ പൗരന്മാർ ഏത് രാജ്യത്താണോ ആ രാജ്യത്ത് നിന്നുകൊണ്ടുതന്നെ സമ്മതിദാനവകാശം ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് പോലെ, 18 ദശലക്ഷം വരുന്ന പ്രവാസികളായ ഇന്ത്യക്കാർ അവർ നിൽക്കുന്ന സ്ഥലത്തു നിന്ന് കൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തുകൊണ്ടാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA) എന്ന രാഷ്ട്രീയ പാർട്ടിയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഈ ആവശ്യവുമായി മുന്നോട്ടു വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും വ്യത്യസ്തമായി പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനാലും, ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്നതിനാലുമാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന പേര് സ്വീകരിച്ചത്.