അന്യായമായ വിമാന യാത്രാ കൂലി ചൂഷണം; KPA സുപ്രീംകോടതിയിലേക്ക്
By admin 25-08-2023
അന്യായമായ വിമാന യാത്രാ കൂലി ചൂഷണം; KPA സുപ്രീംകോടതിയിലേക്ക്
പ്രവാസികൾ ഈ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ്. രാജ്യത്തിന്റെ വികസന കുതിപ്പിന് വിദേശ രാജ്യത്ത് വിയർപ്പൊഴുക്കുന്ന ഓരോ മനുഷ്യനും നൽകുന്ന സംഭാവനയെപ്പറ്റി നമ്മുടെ ഭരണകർത്താക്കൾ ഇടയ്ക്കിടെ മുഖസ്തുതി പറയാറുമുണ്ട്. എന്നാൽ പ്രവാസികളോട് തീർത്തും അവഗണന കാണിക്കുന്ന കാര്യത്തിൽ ഇവർക്ക് യാതൊരു പ്രയാസവും തോന്നാറുമില്ല. ഈ ഓണക്കാലം സ്വന്തം നാട്ടിൽ സകുടുംബം ചെലവഴിക്കാനാശിച്ച പ്രവാസികളുടെ പോക്കറ്റ് കീറുന്ന അത്യന്തം നീചവും നിന്ദ്യവുമായ പ്രവൃത്തിയാണ് വിമാനയാത്രാക്കൂലിയുടെ വൻ വർദ്ധനവിന്റെ കാര്യത്തിൽ കാണുന്നത്.
ഏഴായിരം രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് നാല്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ട ഈ ദുരവസ്ഥയിലേക്ക് പ്രവാസികളെ തള്ളിവിട്ടതിന്റെ പാപക്കറ കേന്ദ്ര ഭരണ കർത്താക്കളുടെ കൈകളിൽ നിന്ന് എത്ര കഴുകിയാലും പോവില്ല. കോഴിക്കോട്- ദുബായ് സെക്ടറിൽ 64000, കൊച്ചിയിലേക്ക് 1,04,738 വരെ, തിരുവനന്തപുരത്തേക്ക് 2,45,829 വരെ എന്നിങ്ങനെയാണ് നിരക്കുകൾ. സെപ്തംബർ മാസം തീരുവോളമെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാർക്കും കടന്നു പോകേണ്ടത് ഈ ദുരവസ്ഥയിലൂടെയാണ്. യു. എ. ഇ യിലെ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ ഇത് ചാകരയുടെ സമയമായാണ് ഈ തീവെട്ടിക്കൊള്ളക്കാർ കാണുന്നത്.
ഇതിനെതിരെ കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയെ സമീപിച്ചു. Dairy No. 34051/2023 dated 19 – 08 – 2023 (https://main.sci.gov.in/case-status) എന്ന നമ്പറിൽ ഇത് കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ്, നിയമ നീതിന്യായ വകുപ്പ്, ഡയറക്ടർ ജനറൽ ഓഫ് എവിയേഷൻ തുടങ്ങി ഈ മേഖലയിലെ പ്രധാനപ്പെട്ടവർക്കെതിരെയാണ് ഈ കേസ്. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് KPA ആവശ്യപ്പെടുന്നത്.
ഇത് കോടതിയിലൂടെയുള്ള പരിഹാരം തേടൽ മാത്രം. പക്ഷെ ഈ വിഷയം കോടതിയിലേക്ക് വലിച്ചിഴക്കേണ്ടി വന്ന ദുരവസ്ഥ പ്രവാസി സമൂഹവും നാട്ടിലെ ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള സാധാരണക്കാരും തിരിച്ചറിയാതിരിക്കില്ല. ഡിമാന്റ്- സപ്ലൈ തീയറിയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ മറവിൽ വിമാനക്കമ്പനികൾ നടത്തുന്ന ഈ ക്രൂരതയ്ക്ക് വിരാമമിടാൻ ഇനിയും കേന്ദ്ര ഭരണകൂടം തയ്യാറായില്ലെങ്കിൽ പ്രവാസികളുടെ അതിശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരണം. KPA യുടെ ഈ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രത്യേകിച്ച് എല്ലാ പ്രവാസികളും സഹകരിക്കുക.
ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward